Wednesday, February 3, 2016

"ഏതാണ് ഏറ്റവും രുചിയുള്ള കറി?"

തോമസ്‌ മാഷിന്റെ കയ്യിൽ അങ്ങനെ ചില നമ്പറുകളൊക്കെയുണ്ട്. കുട്ടികളുടെ ശ്രദ്ധ ക്ലാസ്സിൽ നിന്നു തെറ്റുന്നു എന്നു കണ്ടാൽ മാഷ്‌ സാമൂഹ്യപാഠത്തിൽ നിന്ന് തെന്നും.. എന്തിനാണ് സാമൂഹ്യപാഠം എന്ന് നന്നായറിയാവുന്ന ഉൾക്കാഴ്ച്ചയുള്ള അദ്ധ്യാപകനാണദ്ദേഹം.. അന്നാണെങ്കിൽ വെള്ളിയാഴ്ച്ച ലാസ്റ്റ് പിരീയഡും..

7B ഉണർന്നു..

"ചെമ്മീൻ ചമ്മന്തിയുണ്ടെങ്കിൽ ഞാൻ ഒരു കലം ചോറുണ്ണും" ജോണി മാത്തന്റെ ഉത്തരത്തിന് അവർ ആർത്തുചിരിച്ചു..

"സാമ്പാറാണ് ലോകത്തിലെ ഏറ്റവും നല്ല കറി" അപ്പാസ്വാമിയുടെ മോൻ സിദ്ധുവിന് സംശയമില്ല..

"ഇറച്ചീം കായേം"
"മീൻ പാലുകറി"
"കുറുക്കുകാളൻ"
"ആട്ടിൻതലക്കറി"
"രസം"
"പുളിങ്കറി"

ക്രിസ്റ്റീന അവരാരും കേൾക്കാത്ത ലോബ്സ്റ്ററിനെക്കുറിച്ച് പറഞ്ഞു..

"തക്കാളി ഫ്രൈ"
"മട്ടൻ ചാപ്സ്"
"കൂൺകറി"
"മുട്ട മസാല"
"നാടൻ കോഴിക്കറി"
"മോരുകറി"   

കേട്ടതും കേൾക്കാത്തതുമായ രുചികളുടെ കൊതിപ്പിക്കുന്ന ഗന്ധം അവിടമാകെ ഒഴുകിപ്പരന്നു. കുട്ടികളുടെ നാവിൽ കപ്പലോടി..

"രാധ പറയൂ" പപ്പടക്കാരി ശാന്തമ്മയുടെ മകൻ രാധാകൃഷ്ണനെയാണ് മാഷ് ചൂണ്ടിയത്.. പാവമാണവൻ, പഠിക്കാൻ മിടുക്കനും.. ചിലർ കളിയാക്കി 'പപ്പടം' എന്നു വിളിക്കും, അവൻ ചിരിക്കും..
രാത്രി വൈകിയും അമ്മയെ പണിക്ക് സഹായിച്ചതിന്റെ ഉറക്കച്ചടവോടെ അവൻ എഴുന്നേറ്റു. എല്ലാ കണ്ണുകളും അവനിലേക്ക്. മുഖമുയർത്തി മാഷിന്റെ കണ്ണുകളിലേക്ക് നോക്കി ഒരു തിരക്കും കൂടാതെ അവൻ പറഞ്ഞു..

"വിശപ്പാണ് മാഷെ"...

"വിശപ്പാണ് ഏറ്റവും രുചിയുള്ള കറി"

ഒരു നിമിഷം... തോമസ്‌ മാഷിന്റെ കണ്ണൊന്നു മങ്ങി, അദ്ദേഹത്തിന്റെ കൈകൾ കണ്ണടയിലേക്കുയർന്നു..

കേട്ടതിന്റെ പൊരുൾ മനസ്സിലാവാതെ കുട്ടികൾ പരസ്പരം നോക്കി..

"വിശപ്പാണ്..."

"വിശപ്പാണ് ഏറ്റവും രുചിയുള്ള കറി...."

No comments:

Post a Comment