Saturday, February 6, 2016

കല്ല്യാണം കഴിക്കണമെന്ന് പുറമെ ആഗ്രഹം പ്രകടിപ്പിക്കുമെങ്കിലുംആ കാര്യം ആലോചിക്കുമ്പോള് തന്നെ അടി വയറ്റില് നിന്ന് ഒരാന്തലാണ്......നാട്ടുകാരും വീട്ടുകാരും കണ്ണെടുക്കാതെ എന്നെ തന്നെ നോക്കി നില്ക്കെ കതിര് മണ്ടപത്തില് വച്ച് അവളെ താലി കെട്ടി , മോതിരമണിയിച്ച് , സിന്ദൂരം ചാര്ത്തുന്ന കാര്യം ആലോചിക്കുമ്പോള് കയ്യും കാലും വിറക്കുകയാണ്...എനിക്കാണേല് ഒരു പത്തു പേരെന്നേ നോക്കി നില്ക്കുന്നുണ്ട് എന്ന് തോന്നിയാല് പിന്നെ കയ്യും കാലും വിറക്കാന് തുടങ്ങും...പണ്ട് അഞ്ചാം ക്ലാസ്സില് പഠിക്കുമ്പോള് ലളിത ഗാന മത്സരത്തിന് പേര് കൊടുത്ത് പാടാനായി സ്റ്റേജിലെത്തിയപ്പോള് മുന്നിലിരിക്കുന്ന കാണികളെ കണ്ട് പേടിച്ച് ഞാനും മൈക്കും തലചുറ്റി വീണത് എനിക്കിപ്പോഴും നല്ല ഓര്മ്മയുണ്ട്.....ഇതിപ്പോ അവള് ഒരു താലവുമായി കതിര്മണ്ടപത്തിലേക്ക് വരുന്നു..... സാരല്ല്യ.... വന്നോട്ടെ.... എന്നെ നോക്കി അവളൊന്നു പുഞ്ചിരിക്കുന്നു....സാരല്യ....ചിരിച്ചോട്ടെ.....നമ്പൂതിരി മന്ത്രം ചൊല്ലി തരുന്നു..... സാരല്ല്യ.... ചൊല്ലിക്കോട്ടെ....... പിന്നെ... പിന്നെ ആ താലി കയ്യില് തരുന്നു.... ഇപ്പോ സാരണ്ട്......താലി അവളുടെ കഴുത്തില് കെട്ടാന് പറയുമ്പോള് മുഖത്തുള്ള പുഞ്ചിരിയെല്ലാംമാറി കയ്യും കാലും വിറക്കാന് തുടങ്ങും.....ഈശ്യരാ...... !!.... ഞാനെന്താ ഇങ്ങനെ....!..... കഷ്ടം....!!ഇതേ ഞാന് തന്നെയാണല്ലോ റോഡില് ഒരു അപകടം നടന്നപ്പോള് മറ്റുള്ളവര്പേടിച്ച് മാറി നിന്ന നേരം കയ്യും കാലും വിറക്കാതെ ചോരയില് കുളിച്ച് കിടന്ന ആള്ക്കാരെ വാരിയെടുത്ത് ആശുപത്രിയിലേക്ക് ഓടിയത് എന്നോര്ക്കുമ്പോള് എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നു.....അങ്ങനെ താലി ഒരു വിധം കയ്യ് വിറച്ച് കെട്ടുന്നു....മുഖത്ത് ഒരാശ്യാസവും പുഞ്ചിരിയും....പിന്നെയുള്ളത് മോതിരം അണിയിക്കലാണ്.... മുഖത്തെ പുഞ്ചിരി മായുന്നു.... അവളുടെ മോതിരവിരലിലേക്ക് വിറയാര്ന്ന കൈകളാല് മോതിരവുമായി ഞാന്..... ഈശ്യരാ.... തള്ള വിരലില് ആവാതിരുന്നാല് മതിയായിരുന്നു.....ഞാനെന്താ ഇങ്ങനെ....!! കഷ്ടം....!!ഇതേ ഞാന് തന്നെയാണല്ലോ പണ്ട് കണ്ണ് കെട്ടി ആനയുടെ വാല് വരക്കുന്ന മത്സരത്തിന് എപ്പോഴും സമ്മാനം വാങ്ങിക്കാറുള്ളത് എന്നോര്ക്കുമ്പോള് എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നത്...അങ്ങനെ ഒരു വിധം മോതിരവും അണിയിച്ചു.... മുഖത്ത് ആശ്യാസവും പുഞ്ചിരിയും....പിന്നെ ഇനി നെറുകില് സിന്ദൂരം ചാര്ത്തലാണ്.... മുഖംമാറുന്നു... വിറക്കുന്ന കൈ സിന്ദൂരവുമായി അവളുടെ നെറ്റിയെ ലക്ഷ്യമാക്കി പോകുന്നു.... ഈശ്യരാ... കണ്ണിലൊന്നും പോയി കുത്താതിരുന്നാല് മതിയായിരുന്നു.....ഞാനെന്താ ഇങ്ങനെ ....!! കഷ്ടം ....!!ഇതേ ഞാനാണല്ലോ പണ്ട് കോഴിക്കൂട്ടില്ഒരു നീര്ക്കോലി കയറിയപ്പോള് എല്ലാവരും നോക്കി നില്ക്കെ ധീരനെ പോലെ തള്ള മട്ടല് എടുത്ത് കൃത്യമായി ഒരടി മര്മ്മത്ത് കൊടുത്ത് അതിന്റെ കഥ കഴിച്ചത് എന്നോര്ക്കുമ്പോള് എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നു....അങ്ങനെ ആ ചടങ്ങും കഴിഞ്ഞു.... ഇനി ഒരു നീര്ഘനിശ്യാസം.... ഈ സമയത്താണ്ഞാന് വേറൊരു കാര്യം ശ്രദ്ധിക്കുക.... അവളുടെ മുഖം.... ഈ കണ്ട ചടങ്ങ് മുഴുവന് നടന്നിട്ടും അവള്ക്കൊരു വിറയലോ വെപ്രാളമോ കണ്ടില്ലല്ലോ.... അതു മാത്രമല്ല, പണ്ട് ഞാനിവളെ ഇഷ്ടമാണെന്ന് ആദ്യമായി പറയുമ്പോഴും ഞാന് ആകെ വിയര്ത്തു കുളിച്ച്, വെപ്രാളപെട്ട് നില്ക്കുമ്പോഴും അവള്ക്കൊരു കൂസലുമില്ലായിരുന്നു...പിന്നെ ഇതൊക്കെ കാണുമ്പോഴും അനുഭവിക്കുമ്പോഴും ഉള്ളിന്റെ ഉള്ളില് ഒരു സമാധാനവും അഭിമാനവുമാണ്.... മനസ്സില് നന്മയുണ്ടെങ്കിലേ , മനസ്സില് സ്നേഹമുണ്ടെങ്കിലേ ഏതൊരാളും ജീവിതത്തിലെ വൈകാരിക നിമിഷങ്ങളില് പതറി പോവ്വാറുള്ളൂ....അതെ ഞാനൊരു നല്ല മനുഷ്യനാണ്.... അതു പോലെ എന്റെ ഭാര്യയും.... ദേ നിങ്ങള് കണ്ടില്ലേ അവള് അവളുടെ വീട് വിട്ട് എന്റെ കൂടെ യാത്രയാകാന് നേരം അവളുടെ അച്ചനേയും അമ്മയേയും കെട്ടിപ്പിടിച്ച് വിതുമ്പുന്നത്.....ഇത് കണ്ടാല് നിങ്ങള്ക്ക് തോന്നും ഞാനവളെ തട്ടി കൊണ്ട് പോവുകയാണെന്നും,ഈ കല്ല്യാണത്തിന് അവള്ക്ക് സമ്മതമില്ലെന്നും... സത്യം പറഞ്ഞാല് എന്നെ കെട്ടിയില്ലെങ്കില് ചത്തു കളയും എന്ന് പറഞ്ഞ പെണ്ണാണ് ഈ കിടന്ന് കരയുന്നത്....ഇനിയും ഇതുപോലെ എത്രയെത്ര വൈകാരിക നിമിഷങ്ങള് വരാനിരിക്കുന്നു.... അന്നേരവും എന്റെ കൈ കാലുകള് വിറക്കും.... ദയവ് ചെയ്ത് എന്നെ നിങ്ങള് ഭീരുവെന്ന് വിളിക്കരുത്.....ദേ.... ഞങ്ങള് യാത്രയാവുന്നു.... ആനുഗ്രഹിക്കണം.....ഈശ്യരാ ... ഇനി ആദ്യ രാത്രിയാണ്.... പതിവു പോലെ അവള്ക്കൊരു കൂസലും ഉണ്ടാവില്ല.... എനിക്കാണേല് അതാലോചിക്കുമ്പോള് ഇപ്പോഴേ കയ്യും കാലും വിറക്കാന് തുടങ്ങി..... !!

No comments:

Post a Comment