Wednesday, February 10, 2016

മാതാപിതാക്കള്‍

പുണ്ഡരീകന്‍ സുന്ദരിയും യുവതിയുമായ ഭാര്യയുമായി തീര്‍ത്ഥാടനത്തിനു ഇറങ്ങി.  അത് കണ്ടു അയാളുടെ വൃദ്ധരായ മാതാപിതാക്കള്‍ക്കും കൂടെ പോകാന്‍ ആഗ്രഹമായി.  നടക്കാന്‍ പോലും ബുദ്ധിമുട്ടുള്ള അവര്‍ കൂടെ വരുന്നത് പുണ്ഡരീകന് ഇഷ്ടപ്പെട്ടില്ല. എങ്കിലും മനസ്സില്ലാമനസ്സോടെ അയാള്‍ സമ്മതിച്ചു.  അവര്‍ യാത്രയായി.  ഭാര്യയെ അയാള്‍ കഴുതപ്പുറത്ത് ഏറ്റി കൊണ്ടുപോയി.  മാതാപിതാക്കള്‍ വടിയും കുത്തിപ്പിടിച്ച് പുറകെ നടന്നു.

വൈകുന്നേരം ആയപ്പോള്‍ അവര്‍ കുക്കട എന്ന ഗ്രാമത്തിലുള്ള ഒരു ആശ്രമത്തില്‍ എത്തി.  അന്നവിടെ താമസിച്ച് പുലര്‍ച്ചെ യാത്ര തുടരുവാന്‍ തീരുമാനിച്ചു.  എല്ലാവരും വിശ്രമിക്കവേ പുണ്ഡരീകന്‍ ഒറ്റക്ക് ആശ്രമമുറ്റത്തെ വൃക്ഷച്ചുവട്ടില്‍ ഇരുന്നു.  അപ്പോള്‍ അതിവിരൂപികളായ മൂന്ന് സ്ത്രീകള്‍ മുഷിഞ്ഞു നാറിയ വസ്ത്രങ്ങള്‍ ധരിച്ച് ആശ്രമത്തിലേക്ക് കയറിപ്പോകുന്നത് കണ്ടു.  ആ വൈരൂപ്യം കണ്ട് അവരെ നോക്കുവാന്‍ കൂടി പുണ്ഡരീകന് മടി തോന്നി.  എന്തിനു ഈശ്വരന്‍ ഇങ്ങനെയുള്ളവരെ സൃഷ്ടിക്കുന്നു എന്ന് കൂടി ചിന്തിച്ചുപോയി അയാള്‍.

അല്‍പ്പസമയം കഴിഞ്ഞ് ആ മൂന്നുപേര്‍ ആശ്രമത്തില്‍ നിന്ന് ഇറങ്ങിവന്നു.  പുണ്ഡരീകന്‍ ആശ്ചര്യപ്പെട്ടുപോയി.  ദേവസ്ത്രീകളെ പോലെയുള്ള അതിസുന്ദരികള്‍.  പട്ടുവസ്ത്രങ്ങള്‍ ഉടുത്തിരിക്കുന്നു. അവരുടെ ദേഹത്തുനിന്നു പരിമളം പൊഴിയുന്നു.  ഈ മാറ്റം കണ്ട് അന്ധാളിച്ചുപോയ പുണ്ഡരീകന്‍ അവരോട് കാര്യങ്ങളൊക്കെ ചോദിച്ചു.

അപ്പോള്‍ ഒരു സുന്ദരി പറഞ്ഞു.  “ഞങ്ങള്‍ ഗംഗ, യമുന, ബ്രഹ്മപുത്ര എന്നീ നദികളാണ്.  മഹാപാപം ചെയ്ത എത്രയോ പേര്‍ ഞങ്ങളാകുന്ന നദിയില്‍ ഇറങ്ങി കുളിക്കുന്നു. അങ്ങനെ അവരുടെ പാപങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരം ആകുമ്പോള്‍ ഞങ്ങള്‍ വികൃതരൂപികള്‍ ആകും.  വൈകീട്ട് ഞങ്ങള്‍ ഈ പുണ്യാശ്രമത്തില്‍ വരും.  പിന്നെ ഈ ആശ്രമത്തിലെ മഹര്‍ഷിക്ക് വേണ്ട സേവനങ്ങള്‍ ചെയ്യും.  അതോടെ ഞങ്ങളുടെ പാപങ്ങള്‍ എല്ലാം അകലും. പഴയ രൂപവും ശക്തിയും തിരിച്ചുകിട്ടും”.

“എന്താണ് ഈ മഹര്‍ഷിയുടെ മാഹാത്മ്യത്തിന്റെ രഹസ്യം?”  അയാള്‍ ചോദിച്ചു.

“അതോ,  അദ്ദേഹം മാതാപിതാക്കളെ പരിചരിച്ചതിന് ശേഷമേ ആഹാരം പോലും കഴിക്കൂ.  മാതാപിതാക്കളെ ഈശ്വരനെപ്പോലെ സേവിച്ച് അദ്ദേഹം വലിയ തപസ്വിയായി മാറിയിരിക്കുന്നു”.

“മതി , മതി.... മാതാപിതാക്കളെ അവഗണിക്കുന്ന ഇയാളോട് സംസാരിക്കുന്നത് പോലും പാപമാണ്.”  അതില്‍ ഒരു സുന്ദരി പറഞ്ഞു.   അവര്‍ മൂവരും അതോടെ മറഞ്ഞുപോയി.

പുണ്ഡരീകന്റെ മനം കലങ്ങി മറഞ്ഞു.  അന്ന് മുതല്‍ അദ്ദേഹം മാതാപിതാക്കളെ ഈശ്വര തുല്യം പരിചരിക്കാന്‍ ആരംഭിച്ചു.  താമസിയാതെ പുണ്യപുരുഷനായി മാറുകയും ഭഗവത് ദര്‍ശനം കിട്ടി അനുഗ്രഹീതനാവുകയും ചെയ്തു.

ഈ ഭൂമിയില്‍ ജന്മമെടുക്കുവാനും, മനോഹരമായ ഈ ജീവിതം ആസ്വദിക്കുവാനും നമ്മെ രൂപാന്തരപ്പെടുത്തുവാന്‍ ഈശ്വരന്‍ തിരഞ്ഞെടുത്ത വിശുദ്ധ ഉപകരണങ്ങളാണ് നമ്മുടെ മാതാപിതാക്കള്‍. സ്‌നേഹത്തിലും, സന്തോഷത്തിലും, പ്രാര്‍ത്ഥനയിലും വളര്‍ന്നുവന്ന കുടുംബങ്ങളില്‍ കാലത്തിന്റെ കടന്നുകയറ്റത്തിലോ, പൈതൃകത്തെ കുറിച്ചുള്ള അജ്ഞാതയാലോ മനുഷ്യ മനസ്സില്‍ നന്മയുടെ അംശത്തിനു മങ്ങലേറ്റു തുടങ്ങി.
ഒരു ശിശു ജന്മമെടുക്കുമ്പോള്‍, അത്യധികം സന്തോഷിച്ച്, ആ കുഞ്ഞിന്റെ വളര്‍ച്ചയും ഭാവിയും മുന്നില്‍ക്കണ്ട്  തങ്ങളുടെ ജീവിതം രൂപാന്തരപ്പെടുത്തുന്നവരാണ് മാതാപിതാക്കള്‍. ആ കുഞ്ഞിന്റെ ഓരോ വളര്‍ച്ചയും  ആസ്വദിച്ച് ആ കുഞ്ഞിനെ വളര്‍ത്തി വലുതാക്കിക്കഴിയുമ്പോള്‍ പോരായ്മകളുടെ നീണ്ടനിര നിരത്തി, തിരിഞ്ഞ് മാതാപിതാക്കളെ വേദനിപ്പിക്കുന്ന മക്കള്‍ ഇന്ന് കുറവല്ല. അവഗണനകള്‍കൊണ്ട് ഉള്ളുപിടയുമ്പോഴും, 'എന്റെ മക്കള്‍ക്ക് നല്ലതു വരണമേ' എന്ന് നെഞ്ചുരുകി പ്രാര്‍ത്ഥിക്കുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. അറിവില്ലാത്ത പ്രായത്തില്‍ അറിവ് പകര്‍ന്നുതന്നും, ഉള്‍കാഴ്ചയില്ലാത്തപ്പോള്‍ ഉള്‍ക്കാഴ്ച്ചയായും ഇരുട്ടിലൂടെ നടന്നുപോകുമ്പോള്‍ വെളിച്ചത്തിന്റെ റാന്തലായും നമ്മെ കാത്തുപരിപാലിക്കാന്‍ ദൈവം നിയോഗിച്ച അക്ഷയനിധികളാണ് മാതാപിതാക്കള്‍.

മക്കള്‍ എത്ര മിടുക്കരാണെങ്കിലും, എത്ര സമ്പത്തുള്ളവരാണെങ്കിലും മക്കളുടെ ഹൃദ്യമായ പെരുമാറ്റം തന്നെയാണ് മാതാപിതാക്കള്‍ക്ക് ഏറ്റവും സന്തോഷം ലഭിക്കുക. അവരുടെ വിലയേറിയ സമയങ്ങള്‍ നമുക്കുവേണ്ടി അവര്‍ ചിലവഴിച്ചപ്പോള്‍, അവര്‍ വാര്‍ദ്ധക്യത്തിലെത്തിയിരിക്കുമ്പോള്‍ നമ്മുടെ സമയവും അവര്‍ ആഗ്രഹിക്കും. മാതാപിതാക്കളുടെ അനുഗ്രഹം ഭൂമിയിലെ ശ്രേഷ്ഠമായ അനുഗ്രഹമാണെന്ന തിരിച്ചറിവോടെ അവരോടുള്ള കടമകള്‍ ഭംഗിയായി നിറവേറ്റാന്‍ സര്‍വ്വേശ്വരന്‍ നമ്മെ അനുഗ്രഹിക്കട്ടെ.

No comments:

Post a Comment